shapeCultural Events

shapeജനചേതനയുടെ നേതൃത്വത്തിൽ സാർഗാത്മകവും അക്കാദമികവുമായ സാമൂഹ്യ പഠന കലാശിബിരം

കോട്ടയ്ക്കൽ തെക്കേകുളമ്പ TTKMITE യിലെയും പെരിങ്ങത്തൂർ ITE യിലെയും അധ്യാപക വിദ്യാർഥികളെയും ടീച്ചർ എഡ്യുക്കേറ്റർമാരെയും പ്രിൻസിപ്പൽമാരെയും ജനചേതനകലാസാംസ്കാരിക പഠനകേന്ദ്രം അഭിവാദ്യം ചെയ്യുന്നു.

പ്രിയപ്പെട്ടവരേ, കൂടുതൽ മാനവികവും സർഗാത്മകവുമായ വിദ്യാഭ്യാസത്തിനായി അധ്യാപകരെയും വിദ്യാർഥികളെയും സജ്ജരാക്കുക എന്നത് ജനചേതനയുടെ ഒരു പ്രഖ്യാപിത ലക്ഷ്യമാണ്.

അതിനായി കലാപഠനകേന്ദ്രം, പുസ്തക ചർച്ച, വിദ്യാർഥികൾക്കായി കലാശില്പശാല എന്നിവ ജനചേതന നടത്തിവരുന്നു. സമീപ പ്രദേശങ്ങളിലെ കോളേജ് സ്കൂൾ അധ്യാപകരാണ് ജനചേതനയുടെ പ്രവർത്തകരിൽ ഏറെയും. ജനചേതന ഡയറക്ടർ ഡോ.ജയിംസ് പോൾ ദീർഘകാലം കൂത്തുപറമ്പ നിർമലഗിരി കോളേജ് അധ്യാപകനായിരുന്നു. ഇപ്പോൾ തിരുവമ്പാടി അൽഫോൻസാ കോളേജിലെ അസി.പ്രൊഫസറാണ്. തിയ്യേറ്റർ രംഗത്ത് ഗവേഷണ ബിരുദവും അനുഭവ സമ്പത്തുമുള്ളയാളാണ്. നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

ഫെസ്റ്റിവൽ ഡയറക്ടറായിരുന്ന ഡോ അബ്ബാസ് അലി ടി.കെ ദിർഘകാലം അധ്യാപക പരിശീലകനും ഡയറ്റ് പ്രിൻസിപ്പലും SCERT യിൽ അധ്യാപക പരിശീലന ചുമതലയുള്ള റിസർച്ച് ഓഫീസറുമായിരുന്നു. വിദ്യാഭ്യാസ സംബന്ധമായ ലേഖനങ്ങളും പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ജനറൽ കോഡിനേറ്റർ ബാബു. കെ. ആർ. ഇന്ത്യയിലെ അറിയപ്പെടുന്ന മ്യൂറൽ ആർട്ടിസ്റ്റും കലാപരിശീലകനും ഫോക് ലോറിസ്റ്റും നാടൻ കലാ പ്രചാരകനുമാണ്. ഇവർ ചേർന്നാണ് തിരഞ്ഞെടുത്ത കുറച്ച് അധ്യാപക പരിശീലന സ്ഥാപനങ്ങളിലെ അധ്യാപക വിദ്യാർഥികളെക്കൂടി പങ്കെടുപ്പിച്ചു കൊണ്ട് ജനചേതനയുടെ നേതൃത്വത്തിൽ തിരുവമ്പാടിയിൽ വെച്ച് കലാനുഭവങ്ങൾ ഉൾക്കൊള്ളുന്ന സാമൂഹ്യ പഠന കലാശിബിരം നടത്താൻ തീരുമാനിച്ചത്.

രണ്ടു സ്ഥാപനങ്ങളിലെയും ഭാവി അധ്യാപകർ ചേർന്ന് എങ്ങനെ ഈ ക്യാമ്പ് സർഗാത്മകവും അക്കാദമികവുമാക്കാം എന്ന് പല തവണ കൂടിയാലോചിച്ചു. നിങ്ങളുടെ പ്രിൻസിപ്പൽമാരും അധ്യാപകരും വിദ്യാർഥി പ്രതിനിധികളുമായി തിരുവമ്പാടിയിൽ വെച്ചു നേരിട്ടും ഓൺലൈനായും പലവട്ടം ആസൂത്രണങ്ങൾ നടത്തി.

യാത്ര ,രജിസ്ട്രേഷൻ, പരിപാടികളിലെ പങ്കാളിത്തം, സെഷനുകൾ, അതിനിടയിലുള്ള പരിപാടികൾ, ഡോക്യുമെൻ്റെഷൻ, റിപ്പോർട്ട്, ഇൻ്റർവ്യു , തുടങ്ങി ഓരോ പ്രവർത്തനവും സൂക്ഷ്മതലത്തിൽ ആസൂത്രണം ചെയ്തു.

ഓരോ ദിവസവും ഓരോ പരിപാടിയും ക്യാമ്പിൽ വെച്ച് നാം വിശകലനം ചെയ്തു. വിദ്യാഭ്യാസത്തിൻ്റെയും അധ്യാപനത്തിൻ്റെയും സൂചകങ്ങളുപയോഗിച്ച് നാം അവയെ വിലയിരുത്തി. വ്യത്യസ്ത പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച ഗ്രൂപ്പുകൾ അവരവരുടെ ചുമതലകൾ ഭംഗിയായി നിർവ്വഹിച്ചു. എല്ലാവരുടെയും പങ്കാളിത്തവും സഹകരണവും നേതൃത്വഗുണവും അഭിനന്ദനാർഹമാണ്. നിങ്ങളിൽ പലരുടെയും ഇടപെടലുകളും നിരീക്ഷണങ്ങളും ശ്രദ്ധേയമായിരുന്നു.

അതതു സമയത്തു തന്നെ അവ നിങ്ങളുമായി പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. പ്രസക്തമായ കാര്യങ്ങൾ നിങ്ങൾ കുറിച്ചു വയ്ക്കുകയും ചെയ്തിട്ടുണ്ടല്ലോ. ചിത്രരചനാ ക്യാമ്പ്,

പ്രമുഖ ചിത്രകാരൻമാരുമായി ഇടപെടാൻ ലഭിച്ച അവസരം, ഈ വർഷത്തെ വയലാർ അവാർഡു ലഭിച്ച എഴുത്തുകാരൻ അശോകൻ ചെരുവിലിൻ്റെ പ്രഭാഷണം, മികച്ച നടിക്കുള്ള സംസ്ഥാന അവാർഡു നേടിയ ബീന ആർ.ചന്ദ്രൻ്റെ പ്രഭാഷണവും കവിതയും നാടകവും , പ്രൊഫ. ഹമീദ് ചേന്ദമംഗലൂർ, ഡോ.കെ.ജെ .അജയകുമാർ, ഡോ. വി.എസ് അനിൽകുമാർ, ഡോ. ആസാദ് മലയാറ്റിൽ, സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ.പി. സതീദേവി,ഡോ. വി.പി. പി. മുസ്തഫ എന്നിവരുടെ പ്രഭാഷണവും അഭിമുഖവും നിങ്ങൾക്ക് പ്രയോജനപ്പെടുത്താൻ സാധിച്ചിരിക്കുമെന്നു പ്രതീക്ഷിക്കുന്നു.

KPAC യുടെ ഉമ്മാച്ചു ഉൾപ്പെടെ ഏഴു നാടകങ്ങൾ നാം കണ്ടു. ഏകപാത്ര നാടകങ്ങളുടെ വിവിധ രീതികൾ പരിചയപ്പെടുകയും അവരുമായി സംവദിക്കുകയും ചെയ്തു. ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ മുടിയേറ്റു കലാകാരൻ കീഴില്ലം ഉണ്ണികൃഷ്ണനും സംഘവും അവതരിപ്പിച്ച മുടിയേറ്റിൽ പങ്കടുക്കാനും ഫോക് അനുഷ്ടാന കലയായ മുടിയേറ്റ് ആദ്യവസാനം പരിചയപ്പെടാനും സാധിച്ചു.

കഥയും കളിയും നന്നായി പരിചയപ്പെട്ട ശേഷം കഥകളി കാണാനായതിനാൽ നമുക്ക് നന്നായി ആസ്വദിക്കാൻ സാധിച്ചു. കഥയുംകളിയും പരിചയപ്പെടുത്തി ശ്രീ. വി. രാമൻകുട്ടി നൽകിയ ആമുഖം ഏറെ ഫലവത്തായിരുന്നു.

രണ്ടു പുസ്തക പ്രകാശനത്തിലും കവിതാവതരണത്തിലുമായി നിരവധി എഴുത്തുകാർ പങ്കെടുത്തു. ഫോക് ലോർ സെമിനാറിൽ പങ്കെടുത്തത് ഇന്ത്യയിലെ പ്രമുഖ അക്കാദമിക വിദഗ്ധരായിരുന്നു. മുഖ്യാതിഥിയായിരുന്ന വയലാർ ശരത്ചന്ദ്രവർമയുമായി നിങ്ങൾ ആശയവിനിമയം നടത്തുന്നതു ശ്രദ്ധിച്ചിരുന്നു. കവര മ്യൂസിക് ബാൻഡ് അവതരിപ്പിച്ച സംഗീത പരിപാടിയിലും മുടിയേറ്റിലും കവിതാവതരണത്തിലും ഇടവേളകളിലെ കലാ അവതരണങ്ങളിലും നിങ്ങളുടെ സജീവ സാന്നിധ്യം പ്രശംസനീയമാണ്.

ഡോ.എ. സുഹാസിനി ,

ദേവേശൻ പേരൂർ,

ഡോ. ആസാദ് ,

എ.വി.സുധാകരൻ

വിജീഷ് പരവരി തുടങ്ങിയവർ നേതൃത്വം നൽകിയ കവിതാ സെഷനിൽ കവിതകൾ അവതരിപ്പിച്ചും ചർച്ചകൾ സജീവമാക്കിയും നിങ്ങളുണ്ടായിരുന്നല്ലോ.

സാഹിത്യവും സിനിമയും പോലെ നാടകവും കാലത്തിനൊപ്പം വളരുകയാണെന്നു ജടായു , അവാർഡ്, തുന്നൽക്കാരി, 100% സിന്ദാബാദ് തുടങ്ങിയ നാടകങ്ങൾ ബോധ്യപ്പെടുത്തിയിട്ടുണ്ടാവുമല്ലോ.

രണ്ടു സ്ഥാപനങ്ങളിലെ അധ്യാപക വിദ്യാർഥികൾ തമ്മിൽ നടന്ന ആശയ സർഗാത്മക വിനിമയത്തോടൊപ്പം ഒരു പ്രദേശത്തെ ജനങ്ങൾ, കേരളത്തിലെ പ്രഗത്ഭരായ അക്കാദമിക സർഗാത്മക കലാകാരൻമാർ എന്നിവരുമായി ഇടപെടാനും സംവദിക്കാനും നിങ്ങൾക്കു സാധിച്ചിട്ടുണ്ട്.

ഓരോ പരിപാടിയുമായി ബന്ധപ്പെട്ടും നിങ്ങൾ നടത്തിയ അവലോകനങ്ങൾ, അവയിലെ പങ്കാളിത്തം, സാമൂഹ്യ ബന്ധം, ഇടവേളകളിൽ നിങ്ങൾ അവതരിപ്പിച്ച പരിപാടികൾ, സംഘാടനത്തിനും ശുചീകരണത്തിനും

ഭക്ഷണ വിതരണത്തിനും, ക്യാമ്പിൻ്റെ മികവിനുമായി നിങ്ങൾ നടത്തിയ ആത്മാർഥ പരിശ്രമങ്ങൾ എന്നിവയെ ജനചേതന പ്രതീക്ഷയോടെയാണു നോക്കിക്കാണുന്നത്. നിങ്ങൾക്കിടയിൽ മികച്ച അധ്യാപകരും സോഷ്യൽ എഞ്ചിനീയർമാരും,

ജനാധിപത്യ വിശ്വാസികളും സാമൂഹ്യ വിമർശകരും , കലാസ്വാദകരും വളർന്നു വരുന്നുണ്ട്. വിദ്യാഭ്യാസ പ്രവർത്തകരായ ഞങ്ങൾക്ക്, നിങ്ങളുടെ ക്യാമ്പ് കൂടിയായിരുന്ന ഈ സർഗോത്സവം ഭാവി അധ്യാപകരെക്കുറിച്ച് ഏറെ പ്രതീക്ഷകൾ നൽകുന്നുണ്ട്.

രണ്ടു സ്ഥാപനങ്ങളുടെയും മാനേജ്മെൻ്റ്, പ്രിൻസിപ്പൽമാർ , അധ്യാപകർ, വിദ്യാർഥികൾ എന്നിവർക്ക് ജനചേതനയുടെ അക്കാദമിക സ്നേഹാശംസകൾ!